Friday, October 7, 2011

നിള

നിളേ,
എന്നമ്മയാം പുണ്യമേ...
എന്നാണ് നീ ഒഴുകാന്‍ തുടങ്ങിയത്...?
വിഭിന്നങ്ങളായ കാലചക്രത്തിന്റെ
ഹൃദയമധ്യത്തിലൂടെ..
എന്നാണു നീ ആരവമുയര്ത്തിയത്..?
സംസ്കാര പെരുമയുടെ...
നിന്റെ കളകളം നിറഞ്ഞ തുടിതാളത്തില്‍
വിരിഞ്ഞതോ പൈതൃകങ്ങളുടെ
വശ്യ ശോഭ.....
കാഴ്ചകള്‍....
വര്‍ണ്ണ പൊലിമയും വിഷാദവും
പിന്നെ ആഹ്ലാദത്തിന്റെ മൂര്‍ത്ത ഭാവങ്ങളും....
വെറിപൂണ്ട മക്കള്‍ തന്‍ അധികാര യുദ്ധവും
നിന്റെ നെഞ്ചകത്ത്..
കണ്‍കളില്‍ രക്തം കോപം മാത്രം തുടിച്ച
ചാവേറുകളുടെ രക്തം വീണു-
നീ പിടഞ്ഞു കണ്ണീര്‍ വാര്ത്തതും.
തുലാവര്ഷത്തില്‍ സംഹാരരുദ്രയായതും,
പതിയെ  പതിയെ മന്ദസ്മിതം തൂകിയതും,
സന്ധ്യയാം മാനസപുത്രിക്ക്
കഥകള്‍ ചൊല്ലികൊടുത്തതും,
നിന്റെ വിരിമാറില്‍ വീണു പടരാന്‍
ചന്ദ്രന്‍ വിഫലമായി കൊതിച്ചതും
പിന്നെ നിലാവായി വിഷാദം പകര്‍ന്നതും,
പതിവായി പ്രിയനാം ആഴിതന്‍
അടിത്തട്ടില്‍ നീ പ്രണയം കണ്ടെത്തിയതും,
എല്ലാമെല്ലാം....
ഈ ഹൃദയമാം ചാലിലൂടെ
നീ ഒഴുകിയിരുന്നെന്നു
നിന്റെ നെഞ്ചകത്തിലൂടെ നടന്ന്‌
വരും കാലത്തിനു ഞങ്ങള്‍
വെറും കഥകള്‍ പാടണമോ...?
അമ്മെ,
നിളേ.......

No comments: