Tuesday, January 24, 2012

ദുര്യോധന ചിത്തം****




വൃകോദര,
ഇത് ഞാന്‍
കൌരവേന്ദ്രന്‍ …
ഹസ്തിനപുരിയിലെ ജനത
നെഞ്ചിലേറ്റിയ ധാർത്തരാഷ്ട്രൻ …
ശന്തനുവിന്റെ പിന്മുറയിലെ
ഗദായുദ്ധവീരന്‍ …



ഓര്‍ക്കുന്നു ഞാനിന്നും
വെള്ളിടിപോലെ
എന്നെ നിദ്രാവിഹീനനാക്കിയ അശരീരി:
ഇവന്‍
ഈ ഭീമന്‍
ഭരതര്‍ഷഭന്റെ
പ്രതിയോഗി.



വലിയച്ഛന്റെ മരണാനന്തരം
പാണ്ഡവര്‍ ഹസ്തിനപുരിയിലേക്ക് വന്ന നാള്‍...
യുധിഷ്ട്ടിരന്റെ മറപിടിച്ചു
കൊട്ടാര മുറ്റത്ത് കയറിയ നിന്റെ
കണ്ണുകള്‍ എന്നെ തേടുന്നത് ഞാന്‍ കണ്ടു


പിന്നെ ബാല്യത്തിന്റെ കളിത്തട്ടില്‍
നിനക്കായി ഞാന്‍ പലവുരു
മരണക്കയങ്ങള്‍ തീര്ത്തു ..,
ഓരോ തവണയും നീ ഭേദിക്കുമ്പോള്‍
എന്നില്‍ ക്ഷമയുടെ കുറുനരികള്‍ കൂട്ടം കൂടി
.

ആചാര്യന്റെ
യുദ്ധമുറകള്ക്കിടയിലും
ആരുമറിയാതെ
ഞാന്‍ നിന്റെ
പ്രതിരൂപത്തോട് മല്ലയുദ്ധം നടത്തി..
വളര്ച്ചയുടെ ഘട്ടങ്ങളോരോന്നിലും
നിഴലായി ഞാന്‍ നിന്നോട് പോരടിച്ചു





 
വൃകോദര, 
പാണ്ഡവര്‍ സത്യത്തിന്റെ കാവലാളുകള്‍
എന്ന് ദിഗന്ദങ്ങള്‍ മുഴങ്ങുമാര് ചൊന്ന
മാഗധരോട്, സൂതരോട്, മൂഡനാം നിന്നോട്

കുരുപ്രവീരന്റെ ചോദ്യം:



ധര്മിഷ്ഠനോ നിന്റെ ജ്യേഷ്ടന്‍ ..?
പാര്ത്ഥന്റെ പങ്കുപറ്റാന്‍
ധര്മം മറന്നു
പെണ്ണിനെ പകുത്തെടുത്തവനോ
ധര്മപുത്രന്‍..?
അമ്മാവന്റെ മന്ത്രചൂതില്‍
മോഹാലസ്യപെട്ടവന്‍
പത്നിയെ പണയം വെച്ച
ഇവനെന്തു ധര്മം...?



വീരനാം കാട്ടാളന്റെ വിരലറുത്തു
പൊട്ടിച്ചിരിച്ച
അര്ജുനനോ ദിഗ്വിജയി …
കര്ണ്ണന്റെ കവചകുണ്ഡലം
ഇരന്നു ചെന്നൊരു ഇന്ദ്രന്റെ (?)
മകനോ കേമന്‍..?
ചേറില്‍ പൂണ്ട തേരില്‍
അടരാടിയ രാധേയനെ
ചതിച്ചു കൊന്ന
പാര്ത്ഥനോ ശ്രേഷ്ഠന്‍..?



വൃകോദര,

നീയോ സത്യാന്വേഷി …?
ഗദാ യുദ്ധത്തിന്റെ
നിയമങ്ങള്‍ മറന്നു
നീ എന്റെ തുടയെല്ല് പൊട്ടിച്ചപ്പോള്‍
ഗുരുവിന്റെ വാക്ക് ലംഘിച്ചു::
അധര്മ്മം …



ഭീമാ,
ധര്മം ജയിച്ചെന്ന് വീമ്പ് പറഞ്ഞ,,
സുയോധനന്‍ മൃതിയടഞ്ഞെന്നു
വീരഹാസം മുഴക്കിയ മൂഡാ
ഇല്ല
ചെറു കോശത്തില്‍ പോലും
ഭീമനെ ജയിക്കാന്‍ പഠിച്ച
കുരുസത്തമനു മരണമില്ല..



കബന്ധങ്ങള്‍ ചോരചാലോഴുക്കുന്ന
ഈ ഭാരത രണഭൂവില്‍
അലയുന്നു
ഞാനൊരു കര്ണ്ണനെ തേടി...
വരാതിരികില്ല.
എനിക്കായി ഒരു കര്ണ്ണന്‍
പുനര്ജനിക്കാതിരിക്കില്ല...

1 comment:

ഷാജു അത്താണിക്കല്‍ said...

മഹാഭാരതത്തിലെ മറ്റൊരു പ്രധാന ഭാഗമാണ് ദുര്യോധനന്‍ എന്ന് തോന്നുന്നു, വലിയ അറിവൊന്നുമില്ല ഈ വിശയത്തില്‍ എന്നാലും ഒരു പ്രത്യേക രീതിയില്‍ വിവരിച്ച ഈ വരികളില്‍ തിരകേടില്ലാത രീതിയില്‍ നീതി പുലര്‍ത്തി എന്നും തോന്നി
നല്ലൊരു അറിവും