Saturday, February 18, 2012

സസ്നേഹം സുനിതക്ക്******


 
 
 
 
 സുനിത,
നീ
മലയാളത്തിന്റെ മദര്‍ തെരേസ.,
മണ്ണും മനസും താണ്ടി
ഉണ്ണാതെ, ഉറങ്ങാതെ
പെണ്ണിന്റെ മാനത്തിന് കാവലിരിക്കുന്ന,
അഗതികളുടെ അരുമയാം അമ്മ..
ഇരുപതാം നൂറ്റാണ്ടിന്റെ
അന്ത്യയാമത്തില്‍ നീ
തെലുങ്കന്റെ മണ്ണിലേക്ക് കടന്നു വന്നു,
തെരുവില്‍ തെറിച്ചു വീണ
പെണ്ണിന്റെ ചോരക്ക് പകരം
പൊന്നു പോലൊരു ജീവിതം ഉഴിഞ്ഞു വെച്ചു..
ആയിരങ്ങള്‍ക്ക് നീ ആശ്രയത്തിന്റെ
ആശ്രമം തീര്‍ത്തു....
കീറിയെറിഞ്ഞ പാവാടകള്‍ക്കുള്ളിലെ
നോവുന്ന ഹൃദയങ്ങളെ നീ മാറോടണച്ചു..
തെരുവുപട്ടികള്‍ പിന്നെയും
തളിര്‍മെത്തയില്‍ വിളമ്പിയ
പച്ചമാംസത്തിന് വേണ്ടി
കാമത്തിന്റെ കരിന്തോലണിഞ്ഞു..,
നിന്റെ പൈതങ്ങളുടെ
ചുറ്റും അലമുറയിട്ടു...
തെരുവ് വിളക്ക് കൈയിലേന്തി
കവിളില്‍ വാത്സല്യത്തിന്റെ
ചെറുപുഞ്ചിരി തൂകി
തെരുവിന്റെ പെണ്മക്കള്‍ക്കു നീ
സ്നേഹത്തിന്റെ തുരുത്തോരുക്കി....
സിരകളില്‍ നീ പടര്‍ത്തിയ സ്നേഹവികാരം
അവരുടെ ധമനികളില്‍
പുതിയ വീര്യം നിറച്ചു...
അറിയാം
നിന്റെ ദൌത്യം കണ്ടു നില്‍ക്കാന്‍
വിധിക്കപെട്ടവരെന്നു വെറുതെ
വിഡ്ഢിത്തം പുലമ്പുന്നവര്‍..
തിരശീല പോലും തഴുകാന്‍ മറന്നവരോട്
തിരയൊടുങ്ങാത്ത കനിവ് കാട്ടുന്ന നിന്നെ
തൊഴുതു നില്‍ക്കുന്നു ഞങ്ങള്‍..
ഉയരമില്ലാത്ത നിന്റെ ഉയരത്തിന് മുന്നില്‍
തോറ്റിരിക്കുന്നു..,
മരപ്പാവകളായി ജീവിതവേഷം
കെട്ടിയാടുന്ന ഈ വിദൂഷക വര്‍ഗം....

(ഇന്ത്യയിലെ സ്ത്രീ സമൂഹത്തിനു വേണ്ടി അഹോരാത്രം കഷ്ടപെടുന്ന, അവരുടെ ഉന്നമനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് പ്രോജ്വല വിപ്ലവം തീര്‍ക്കുന്ന പ്രജ്വലയുടെ അമരക്കാരി ശ്രീമതി. സുനിത കൃഷ്ണന് സ്നേഹാദരങ്ങളോടെ അഭിവാദ്യം.. )

No comments: