Saturday, April 21, 2012

വിശുദ്ധ പ്രണയം ******

വിശുദ്ധ പ്രണയം ******


അപ്പൂപ്പന്‍ താടിക്ക്  മുരിക്കിലയോട്
ആദ്യമായി  പ്രണയം തോന്നിയത്
മഴ പെയുന്ന നേരത്ത്
മണ്ണാങ്കട്ടയെ കെട്ടിപിടിച്ചു
ചൂട് പകര്‍ന്നപ്പോഴാണ്,
പറന്നു വന്നു ചാരെ  സ്നേഹം തീര്‍ത്ത
ഒരു പോറ്റമ്മയുടെ വാത്സല്യം
പിന്നെയും പല വേള
പറന്നു പറന്നു
വാത്സല്യം പകര്‍ന്നു നല്‍കിയ
മുരിക്കിലയെ
മറഞ്ഞിരുന്നു
പ്രണയിച്ച അപ്പൂപ്പന്‍ താടി
കാലം കടന്നു പോയി
ഒരു തെറിച്ച കാറ്റ്
ദിശമാറ്റി 
അടര്‍ത്തി നീക്കിയ
രണ്ടു നനുത്ത മനസുകള്‍..
കരകവിഞ്ഞൊഴുകുന്ന
പുഴയുടെ തീരത്ത്‌
മുരിക്കില
മരണം കാത്തു കിടക്കുന്ന
നേരത്താണ്  
അപ്പൂപ്പന്‍ താടി
പ്രണയം പറയുന്നത്
ഇനി വരും  ജന്മം കണ്ടുമുട്ടാമെന്ന്
ഉറപ്പു നല്‍കിയ
മുരിക്കിലക്ക്
പുഴയുടെ മാറില്‍ നിന്ന്
രണ്ടു തുള്ളി  കണ്ണുനീര് 
മുരിക്കിലയുടെ ചുണ്ടില്‍ ഇറ്റിച്ച്
വിറയാര്‍ന്ന ചുണ്ട് കൊണ്ട്
അപ്പൂപ്പന്‍  താടി  ചുംബിക്കുമ്പോള്‍
കരഞ്ഞു കണ്ണടച്ച്
സൂര്യന്‍ പടിഞ്ഞാറസ്തമിച്ചിരുന്നു..

No comments: