Wednesday, October 17, 2012

നിദ്രയുടെ കാമുകന്‍ *****************************

നിദ്രയുടെ കാമുകന്‍
*****************************


അവനെപ്പോഴും ഉറക്കത്തിലാണ്
പ്രഭാതത്തിലെ പുകച്ചുരുളുകള്‍ നീക്കി
കാറ്റ് ചൂളം വിളിച്ചു പായുന്ന
തിരക്കിട്ട നഗരത്തിന്റെ
നെഞ്ചകം തടവി
ചിറകു വെച്ച ശകടത്തില്‍
ഞങ്ങള്‍ പറന്നു പോകുമ്പോഴും
അവനുറക്കത്തിലാവും

സായാഹ്ന്നങ്ങളില്‍
ബിസ്മില്ലാഖാന്റെ ഷഹനായി
വിഷാദ രാഗങ്ങള്‍  തീര്‍ത്ത്‌ 
കരളു കവര്‍ന്നെടുക്കുമ്പോഴും
അവനൊന്നുമറിയാതെ
ഉറക്കത്തിലായിരിക്കും

നിശയുടെ അന്ത്യയാമങ്ങളില്‍ 
ഉറക്കം വരാതെ ഞങ്ങള്‍
പകലിനെ കുറ്റം പറയുന്ന
ചീവീടുകള്‍ക്കു കാതോര്‍ക്കുമ്പോഴും
നിദ്രയോട് പ്രണയാതുരനായി
ചുണ്ടില്‍ നിലാവിന്റെ മന്ദഹാസം പൊഴിച്ച്
നിറം ചാര്‍ത്തിയ അവന്റെ മുഖം

വറുതിയുടെ പെരുമഴ വീണു ചോരുന്ന
വര്‍ത്തമാന കാലത്തിന്റെ ചെറ്റക്കുടിലില്‍
തുള വീണ ഹൃദയപാത്രം തുറന്നു
തടയിടാന്‍ വ്യാമോഹിക്കുന്ന  ഞങ്ങള്‍ 

ഉറക്കം വെറും
വിദൂര സ്വപ്നമായി  തീരുന്ന നേരത്ത്
കദനത്തിന്റെ കഥകള്‍ പങ്കുവെക്കുമ്പോള്‍
ഉറങ്ങാന്‍ കഴിയുന്ന നീയെത്ര  ഭാഗ്യവാന്‍.!

Friday, October 5, 2012

അഗാധ തമസ്സ്

   





     അഗാധ തമസ്സ്
    *********************
     കറുത്ത  നാട്ടില്‍  നിന്ന്
    തീപ്പുക തുപ്പുന്ന
    യന്ത്രപക്ഷികളുടെ ചിറകിലേറി
    നിഷാദര്‍ വരുന്നുണ്ട്
  
    ആയിരം തുടയെല്ലുകള്‍  ചേര്‍ത്തു കെട്ടിയ
    തൂക്കുപ്പാലം താണ്ടി,
    അസംഖ്യം  നിസഹായര്‍
    സ്വപ്നങ്ങളുടെ ചിതാഭസ്മം
     നിമഞ്ജനം  ചെയ്ത ചോരപ്പുഴ  കടന്ന്
    കനല്‍കാറ്റു വീശുന്ന ഊഷരഭൂവില്‍
    തീക്കുതിരയെ പ്രതിഷ്ഠിക്കാന്‍ 

    അപരിഷ്കൃതരായ   നിഷാദര്‍..

    വരണ്ട ഭൂമികയില്‍
    നിഴലുടഞ്ഞു  നിറംകെട്ട  കാഴ്ചകള്‍
    അവരെ മാടി വിളിക്കുന്നുണ്ട്

    സെമിത്തേരികളില്‍
    കുറുനരികളുടെ  നിലവിളികള്‍ക്കിടയിലും
    ഭയചകിതരായി  പരസ്പരം  കൈകള്‍ ചേര്‍ത്ത്
    വരും  കാലത്തെക്കുറിച്ച്
    നെടുവീര്‍പ്പിടുന്ന
    ഹൃദയമുള്ള  മൃതശരീരങ്ങള്‍

    നിശയുടെ മൂന്നാം    യാമത്തില്‍
    നിലാവിന്റെ  നെഞ്ചകം  ചോരകൊണ്ടു നനച്ച്
    നിലവിളിക്കുന്ന
    തലയോട്ടി  പിളര്‍ന്നൊരു  ശോണതാരകം 

    ദിവ്യസ്തോത്രങ്ങള്‍  ചൊല്ലി  

    വിശുദ്ധ  സ്നാനത്തിനു
    വെഞ്ചരിച്ച  വെള്ളത്തില്‍
    വറുതിയുടെ  പ്രതിബിംബം  തീര്‍ക്കുന്ന
    മിടിക്കുന്ന   അസ്ഥികൂടങ്ങള്‍

    ശവംതീനിപുഴുക്കള്‍  വിഫലശ്രമം  നടത്തി
    വഴിയിലുപെക്ഷിച്ചൊരു ചോരകുഞ്ഞിന്റെ
    അധരങ്ങളില്‍  നിന്നടര്‍ന്നു  വീണത്‌
    അന്നമില്ലാതെ  ഊര്‍ധ്വശ്വാസം   വലിച്ച
    അമ്മയുടെ  മുലക്കണ്ണി

    ശിലകളില്‍  നിന്നിറങ്ങി  വന്നു
    ശിഥിലമായ  മനസുകള്‍ക്ക്
    സ്നേഹശിബിരം നല്‍കാന്‍  കഴിയാതെ
    തലകുമ്പിട്ട  ഉടയോര്‍..
   

    അമ്ലം നനച്ചു കുതിര്‍ന്ന
    മേലാടയണിഞ്ഞു
    നിഷാദര്‍ നശിച്ച മണ്ണില്‍ കാലുകുത്തും
       
    ഉയിരുകളിനിയും  പിറക്കും ..,
    സുരഭിലമായൊഴുകുന്ന  

    ചോരപ്പുഴകളില്‍ സ്നാനം  ചെയ്തു
    ചതിയുടെ  ജ്ഞാനം  നേടിയ
    പുതിയ  നിഷാദര്‍
    ഭൂമിയുടെ  മരവുരു വലിച്ചു കീറി
    പൊക്കിള്‍ചുഴിയില്‍   നഖമുനയാഴ്ത്തി  രസിക്കും

    അന്ന്
    സപ്തഗ്രഹങ്ങളുടെ
    ശൃംഗാര മന്ത്രങ്ങളില്‍ ലയിച്ചു
    സൂര്യന്‍  അശ്വരഥത്തെ
    തമോഗര്‍ത്തത്തിലൊളിപ്പിക്കും

     പിന്നെ
     ഏകാന്തതമസില്‍ സ്വയം ബന്ധനസ്ഥനാകും