Monday, April 1, 2013

ഖബർസ്ഥാനിലെ ഞാവൽമരം

ഖബർസ്ഥാനിലെ  ഞാവൽമരം
******************************************

ജുമാമസ്ജിദ് ഖബർസ്ഥാനില്‍
ആകാശം മുട്ടെ വളർന്നൊരു
ഞാവൽമരമുണ്ട്..,
മീസാൻകല്ലുകള്‍ തലയുയർത്തി നിൽക്കുന്ന
ഖബർസ്ഥാനില്‍
കളിയാക്കി കടന്നു പോകുന്ന കാറ്റിനെ 
ഞാവൽപ്പഴങ്ങള്‍കൊണ്ട്
എറിഞ്ഞു വീഴ്ത്താന്‍ കൊതിക്കുന്ന
ഞാവൽമരം
  
മരിച്ചു മയ്യത്തായവരുടെ
ചോരയില്‍ നിന്നു
തുടുത്തു പൊങ്ങുന്നവയാണ്
ഓരോ ഞാവൽപ്പഴവുമെന്നു
ചെറുപ്പത്തിലാരോ പഠിപ്പിച്ചു തന്നിട്ടുണ്ട്..,
അത് കൊണ്ടായിരിക്കാം
ചോരച്ച
ഞാവൽപ്പ ഴങ്ങൾക്ക് 
ചോരയുടെ മണവും.!


ഖിയാമത്തിന്റെ നാള് വരെ
ഇലകള്‍ കൊഴിഞ്ഞു തീരാത്ത 
സ്വർഗ്ഗത്തിലെ
ഷജ്റത്തുല്‍ മുന്‍തഹാ പോലൊരു
മഹാവൃക്ഷമാണ് ഈ  ഞാവൽമരമെന്നു
പിന്നീടാരോ പഠിപ്പിച്ചു

വിശുദ്ധ മരത്തില്‍ നിന്ന്
ഭൂമിയിലെ
മരണമറിയിക്കാന്‍
ഇലകള്‍ കൊഴിയുന്നതു
പോലെ
ഖബർസ്ഥാ നില്‍
മയ്യത്തിനു കുഴിവെട്ടുമ്പോള്‍
ഓരോ ഞാവൽപ്പഴങ്ങളും
പൊഴിയാറുണ്ട്

ഇസ്രാഫീലിന്റെ കുഴലില്‍ നിന്ന്
ഖിയാമത്തിന്റെ കാഹളമുയരുമ്പോള്‍
ഷജ്റത്തുല്‍ മുന്‍തഹാ
ഒടുവിലത്തെ ഇലയും പൊഴിച്ച്
മരവിച്ചു നില്ക്കും

അന്ന്
ഖബർസ്ഥാനിലെ  ഞാവൽമരം
അവസാനത്തെ
ഞാവൽപ്പഴത്തെയും പൊഴിച്ച്
മയ്യത്തു പോലെ
മീസാൻ കല്ലുകൾക്കു   മീതെ പതിക്കും.., 

അതുവരേക്കും
നിലാവിന്റെ  നീലപ്രഭയിൽ 
ഖബർസ്ഥാനിലെ ഈ  കാവൽക്കാരൻ
മീസാൻ കല്ലുകളോട്   
കഥകൾ പങ്കുവെക്കും .!
+++++++++++++++++++++++++++++++++++

2 comments:

ajith said...

ഈ ഞാവല്‍പ്പഴം മുമ്പ് കഴിച്ചിട്ടുണ്ടല്ലോ

ഹരിഷ് പള്ളപ്രം said...

ഉണ്ടോ........... :)