Friday, April 5, 2013

വിമതൻ

വിമതൻ
*************
അവനെപ്പോഴും വിമതനായിരുന്നു
ഓർമ്മ വെച്ച നാൾ മുതൽ
എല്ലാറ്റിനെയും അവനെതിർത്തു
അഞ്ചാം ക്ലാസ്സിൽ
ഘോഷാവതി ടീച്ചർ
എഞ്ചുവടി പഠിപ്പിച്ച നേരത്ത്
സംഖ്യകളുടെ പെരുപ്പത്തെ
അവനാദ്യം ചോദ്യം ചെയ്തു
പച്ചനിക്കറിട്ടു പാലം കടന്ന്
പത്താംക്ലാസ്സു വരെ പോയപ്പോൾ
അർത്ഥശാസ്ത്രത്തെ അവൻ
പുച്ഛത്തോടെ   തള്ളി
ഭൂഗുരുത്വാകർഷണം
ഭൂലോക വിഡ്ഢിത്തമാണെന്നു
ലോകത്തോട്‌ മുഴുക്കെ  വിളിച്ചു പറഞ്ഞു
അവന്റെ തത്ത്വങ്ങളുമായി
ഒത്തുപോകാൻ കഴിയാതെ 
തോറ്റുപോയ സിലബസ്സുകൾ
ചുവന്നമഷി കൊണ്ട് വട്ടം വരച്ചപ്പോഴും
അവൻ ചിരിച്ചു
പണിയൊന്നുമില്ലാതെ പഞ്ചാരമുക്കിൽ
വെടി പറഞ്ഞിരിക്കുമ്പോഴും
പ്രണയം ആഗോള പ്രഹസനം
മാത്രമെന്നു ആവുന്നത്ര പ്രസംഗിച്ചു
ഒടുവിൽ
അവിവാഹിതന്റെ
അറുബോറൻ ജീവിതത്തിനു
കയറിന്റെ കടിഞ്ഞാണിട്ടപ്പോൾ
അതിജീനിയസ് എന്നു നാട്ടുകാർ
സഹതപിച്ചു
പിന്നെ
വിമതന്റെ ജഡം
മറവു ചെയ്യാൻ കഴിയാതെ
അവന്റെ നിയമസംഹിതകൾ
ചൊല്ലി പരസ്പ്പരം കലഹിച്ചു
+++++++++++++++++++++++++++

3 comments:

ajith said...

ആ വിമതനു ഗ്രൂപ്പില്ലായിരുന്നു

സൗഗന്ധികം said...

തിരുത്തൽവാദി..!!

നല്ല കവിത

ശുഭാശംസകൾ....

ഹരിഷ് പള്ളപ്രം said...

അതെ.. ആ വിമതൻ എവിടെയുമുണ്ട്...!