Sunday, November 3, 2013

ഒറ്റമുറിയിലെ താമസക്കാർ

ഒറ്റമുറിയിലെ  താമസക്കാർ
+++++++++++++++++++++++
അവർ മൂന്നു  പേർ 
ഒറ്റമുറിയിലെ  താമസക്കാർ
ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളോട്  കലഹിച്ച് ,
മഴനൂലിഴകളെ പ്രണയിച്ചു 
സ്വപ്നലോകം   പടുത്തുയർത്താൻ  കൊതിച്ച  ഒന്നാമൻ

രണ്ടാമനൊരു വിപ്ലവകാരി
മാർക്സിന്റെ മൂലധനം കരളിൽ ചൊരിഞ്ഞ
ചെന്തീയിൽ വെന്തുരുകിയ വിപ്ലവകാരി 

കറുപ്പും, വെളുപ്പും ഇടകലർന്ന ചതുരംഗ പലകയിൽ
ജീവിതത്തിന്റെ     
ചരിത്രവും, പൗരധർമ്മവും അടിയറ വെച്ചവൻ മൂന്നാമൻ

അവർ മൂന്നു പേർ  മൂന്നു സ്വപ്‌നങ്ങൾ
ദിശമാറിയിരുന്നു ധ്യാനിക്കുന്ന അടുപ്പുക്കല്ലുകളെ പോലെ
അകലേക്ക്‌ പറക്കാൻ കൊതിച്ച മൂന്നു ഋജുരേഖകൾ

അവർ മൂന്നു നക്ഷത്രങ്ങൾ
കത്തുന്ന ചിന്തകളുടെ പുസ്തകക്കെട്ടുകൾ
കാലത്തിന്റെ കൽപ്പടവിൽ വെച്ച്
മൃതിയുടെ കടലിരമ്പം തേടി മിഴികളടച്ചവർ

ഒറ്റമുറിയിലിപ്പോഴും തണുപ്പാണ്., 
മഞ്ഞുപെയ്യുന്ന യാമങ്ങളിൽ
മൂന്നു നക്ഷത്രങ്ങളിപ്പോഴും
ഒറ്റമുറിയിലിരുന്നു കഥ പറയുന്നുണ്ടായിരിക്കും.!

Friday, November 1, 2013

അനുരാഗ വിവശനായ കാമുകൻ

കറുത്ത  മുന്തിരി  പോലുള്ള  പെണ്ണേ
സുഗന്ധ  സിന്ദൂരമേറ്റും  തിടമ്പേ  
വെളുത്തക്കച്ചയിൽ  പേറുന്നതെന്തിനായ് 
അദൃശ്യരശ്മി  പോൽ  അനുരാഗബാണം

കുഴച്ച  മണ്ണിൽ  നിന്നുയിർത്തെഴുന്നേൽക്കു-
മുറച്ച  വെങ്കല പ്രതിമയെ  പോലെ
കൊളുത്തി  വെച്ചാരു മൃദുമാറിടത്തിൽ
നിറങ്ങൾ  മിന്നുന്ന  പൂത്താലബിംബം

മിനുക്കി വെച്ചോരു കൈക്കുഴിക്കുള്ളിലെ
മടക്കുപ്പർവത  നിരകൾക്കിടക്ക്
കളഞ്ഞു  പോയൊരെൻ  ഹൃദയം തിരഞ്ഞു ഞാൻ
തനിച്ചു  നിൽക്കുന്നതറിയാത്തതെന്തേ

തുടുത്ത നിന്റെയീ  അധരപുടങ്ങൾ
ചുവപ്പു  തുപ്പും  ചെറിപ്പൂക്കൾ  പോലെ
കിനാവിലിറ്റിറ്റു വീഴുന്ന നേരം
വസന്തമെന്തെന്നറിയുന്നൂ  ഞാനും
 
കരിമരുന്നിന്റെ  നിറമുള്ള  പെണ്ണേ 
നിൻ
ചിരിയിലിന്നാരു  വെടിയുപ്പു  തേച്ചു
മിഴിതുറന്നെന്നെ  നോക്കെന്റെ  പെണ്ണേ
മതിമറന്നു ഞാൻ  നില്ക്കട്ടെ  ഭൂവിൽ

+++++++++++++++++++++++++++++++